Volunteer Workshop


RHCFI വളണ്ടിയർ വർക്ഷോപ്പ്

സമൂഹത്തിൽ കഷ്ടപ്പെടുന്നവരുടെ യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് അതിനു വേണ്ട ക്രിയാത്മകമായ പരിഹാരങ്ങൾ കാണുക എന്ന ലക്ഷ്യത്തോടെ സേവന തല്പരരായ സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി തിരൂർ നൂർ ലൈക്കിൽ വെച്ച് RHCFI വളണ്ടിയർ വർക്ഷോപ്പ് സംഘടിപ്പിച്ചു.

മാറുന്ന ലോകത്തും മനസ്സിൽ നന്മ നഷ്ടപ്പെട്ടില്ലാത്ത യുവതലമുറയിലൂടെ ക്രിയാത്മകവും ഫലപ്രദവും അർത്ഥവത്തുമായ ഒരു വിദ്യാഭ്യാസ-സാമൂഹിക സേവന സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ശില്പശാലയിൽ മലപ്പുറം ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി അൻപതിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.

ഒക്‌ടോബർ 28, ഞായറാഴ്ച്ച തിരൂർ നൂർ ലേക്കിൽ വെച്ച് നടന്ന ശില്പശാല സാമൂഹിക പ്രതിബദ്ധതയുള്ള അനേകം കാര്യങ്ങളിലൂടെ ശ്രദ്ധേയനായ റഈസ് ഹിദായ ഉദ്ഘാടനം ചെയ്തു. ഒട്ടേറെ മാനുഷിക സന്നദ്ധ സേവന സംഘടനകളിലൂടെ ശ്രദ്ധേയനായ നജീബ് കുറ്റിപ്പുറം, ജാബിർ സുലൈം തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിച്ചു.

ജീവിത സാഹചര്യങ്ങളും കുടുംബ പശ്ചാത്തലങ്ങളും സാമ്പത്തിക പരാധീനതകളും കുട്ടികളിലേല്പിക്കുന്ന ആഘാതങ്ങളുടെ ഫലമായി മതിയായ വിദ്യാഭ്യാസം ലഭിക്കാതേയും മറ്റും ഇരുളടഞ്ഞ് പോകുന്ന കുരുന്നുകൾക്ക് ഒരു കൈത്താങ്ങായി മാറാനും അവരെ സ്വപ്നങ്ങളിലേക്ക് കൈ പിടിച്ചുയർത്താനും മറ്റാരേക്കാളും നന്നായി വിദ്യാർത്ഥി വളണ്ടിയർമാരിലൂടെ സാധിക്കുമെന്ന RHCFI ന്റെ വിശ്വാസം കൂടുതൽ ദൃഢമാക്കുന്നതായിരുന്നു വിദ്യാർക്കുകളുടെ പ്രതികരണങ്ങൾ.

അറിവിന്റെ പാഠങ്ങളെക്കാൾ തിരിച്ചറിവിന്റെ പാഠങ്ങൾ പരിചയപ്പെടാനും കാര്യങ്ങൾക്കപ്പുറം കാരണങ്ങളെ അറിയാനും , കാഴ്ചപ്പുറം ഉൾക്കാഴ്ചയോടെ കാണാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. മനസ്സിൽ നനവുള്ള ഒരു കൂട്ടം വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് ആത്മശുദ്ധീകരണത്തിന്റെയും ആത്മസംസ്കരണത്തിന്റെയും ബാലപാഠങ്ങൾ നുകർന്ന് നജീബ്ക്കയും (നജീബ് കുറ്റിപ്പുറം), കാഴ്ച കൊണ്ടും കർമ്മം കൊണ്ടും കഥകൾ കൊണ്ടും വിസ്മയം തീർത്ത് ഉത്‌ഘാടകൻ റഈസും ധന്യമായ ഒട്ടേറെ നിമിഷങ്ങൾ സമ്മാനിച്ചു

തിരൂർ JM കോളേജ്, തിരൂർ TMG കോളേജ് , കുണ്ടൂർ PMST കോളേജ്, തിരൂരങ്ങാടി PSMO കോളേജ്, കോട്ടക്കൽ ZIGC , ഫാറൂഖ് കോളേജ്, ഗൈഡ് കോളേജ്, കാളികാവ് വാഫി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നായി വന്ന സുമനസ്സുകളായ ഒരുപറ്റം വിദ്യാർത്ഥി-വിദ്യാർത്ഥിനികളും സ്നേഹപൂർവ്വം അവരുടെ കൂടെവന്ന അവരുടെ അധ്യാപകരും രക്ഷിതാക്കളും സുഹൃത്തുക്കളും
നാല് ചുവരുകൾക്ക് പുറത്തും, പലരും വന്നും പോയുമിരിക്കുന്ന ഇടങ്ങളിലും , ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാതെ കേവല ആശയവിനിമയത്തിനപ്പുറം ഹൃദയങ്ങൾ തമ്മിലുള്ള കഥ പറച്ചിലുകളും പരിവർത്തനങ്ങളുടെ സ്നേഹപൂർവ്വമുള്ള ഹൃദയസംവേദനങ്ങളും സാധ്യമാണെന്ന് ആ കൂടിച്ചേരൽ ബോധ്യപ്പെടുത്തി.